രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി: ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു

ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന തെംസ് നദിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വെയുടെ തൊട്ടടുത്ത് നടന്ന സംഭവം ആസൂത്രിത നീക്കമാണോ എന്ന കാര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
സുരക്ഷാ കാരണങ്ങളാല്‍ നിലവില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അവരവരുടെ വിമാനക്കമ്ബനികളെ സമീപിക്കാനാണ് പൊലീസിന്റെ നിര്‍ദ്ദേശം. സിറ്റി വിമാനത്താവളത്തില്‍ കൂടുതലായും ആഭ്യന്തര സര്‍വീസുകളാണുള്ളത്. ഞായറാഴ്ച വൈകുന്നേരമാണ് നദിയുടെ പരിസരത്ത് നിന്ന് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രിയോടെ വിമാനത്താവളം അടച്ചു പൂട്ടുകയായിരുന്നു. പൊലീസ് സേനയിലെ ബോംബ് കൈകാര്യം ചെയ്യുന്ന വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്തിവരികയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ് മാസത്തിനുമിടയില്‍ ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു. 17 മണിക്കൂറിന് ശേഷം വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.