സംസ്ഥാനത്തെ ദേശീയപാതകള്‍ നാലുവരിയാകും

34390-HighwayProjects-inIndia

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാതകള്‍ 2020 ഡിസംബര്‍ ഓടെ നാലുവരിയാകുമെന്ന് മന്ത്രി ജി. സുധാകരന്‍. ദേശീയ പാതയുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ തെറ്റിദ്ധാരണ നീക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ്ഹില്‍ ഗണപതികാവ്കാരപ്പറമ്പ് റോഡ് നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രം ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ദേശീയപാതകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂ. കേന്ദ്ര ഫണ്ട് ലഭിച്ചാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതിനായി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാത്തതാണ് പ്രശ്‌നമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ ആരോ തെറ്റുദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് തെറ്റിദ്ധാരണ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. നവംബറില്‍ എല്ലാ ദേശീയപാതകളുടെയും പണി തുടങ്ങും.
ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്ല വില നല്‍കുന്നുണ്ട്. കടയേറ്റെടുക്കേണ്ടി വന്നാല്‍ ആ കടയില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കും അര്‍ഹമായ സംഖ്യ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം മരാമത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അധികം ഫണ്ട് ലഭിച്ച മണ്ഡലമാണ് കോഴിക്കോട് നോര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. നഗരപാത വികസന പദ്ധതിയടക്കം ഏതാണ്ട് 984 കോടി രൂപയുടെ വികസനമാണ് ഇവിടെ നടന്നത്. കക്ഷി ഭേദമന്യേ എല്ലാവര്‍ക്കും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കുന്നുണ്ട്. കിഫ്ബിയില്‍ 54 പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. പുതിയ 55 പദ്ധതികള്‍ ടെന്‍ഡറായി പ്രവര്‍ത്തി തുടങ്ങാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.