സിറിയയിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍

UN LOGO

ഡമസ്‌കസ്: ഇസ്രയേല്‍ഇറാന്‍ അക്രമണത്തോടെ സിറിയയില്‍ ഉടലെടുത്ത സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് നാഷന്‍സ് (യു.എന്‍) മേധാവി അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ഇരുരാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് സംഘര്‍ഷങ്ങളില്‍ നിന്ന് പിന്നോട്ട് പോവണമെന്ന് ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകാമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ അധീനതയിലുള്ള ജൂലാന്‍ കുന്നുകളിലേക്ക് ഇറാന്‍ ഡ്രോണ്‍ പറത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് ഇറാന്റെ പോര്‍വിമാനങ്ങള്‍ ആക്രമിക്കാനൊരുങ്ങിയ ഇസ്രയേലിന്റെ വിമാനം സിറിയന്‍ സൈന്യം വെടിവച്ച് തകര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ തകര്‍ന്ന വിമാനം വടക്കന്‍ ഇസ്രയേലിലെ ഗ്രാമത്തിനടുത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തൊട്ടുപിന്നാലെ ഇസ്രയേലിനു പിന്തുണയുമായി യു.എസും രംഗത്തെത്തി.
പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് പെന്റഗണും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇറാനോട് ആവശ്യപ്പെട്ടു. അതേസമയം ഡ്രോണ്‍ ഇസ്രയേലിന്റെ വ്യോമപരിധി ലംഘിച്ചിട്ടില്ലെന്നാണ് ഇറാന്റെ വാദം. ആദ്യമായാണ് സിറിയന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ വിമാനം തകരുന്നത്.