അതിഥിയായി മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍

പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ അതിഥി താരമായിഎത്തും. കഴിഞ്ഞ ദിവസം രഞ്ജിത്തിന് മെഗാ താരം ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കി. മാര്‍ച്ച് ഒന്നിന് ലണ്ടനില്‍ ചിത്രീകരണമാരംഭിക്കുന്ന ബിലാത്തിക്കഥയില്‍ സൂപ്പര്‍താരമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നാണ് വിവരം.
പത്ത് ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയ്ക്ക് നല്‍കിയിരിക്കുന്നത്.മഹാസുബൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ബിലാത്തിക്കഥയില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനു സിതാരയുമാണ് നായകനും നായികയും. സേതുവിന്റെതാണ് സ്‌ക്രിപ്റ്റ്.
ഇക്കൊല്ലം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ അതിഥി വേഷമായിരിക്കുമിത്. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ടീമിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകമാണ് മോഹന്‍ലാല്‍ അതിഥിയായെത്തുന്ന മറ്റൊരു ചിത്രം. ഈയാഴ്ച അവസാനം മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മംഗോളിയയിലേക്ക് തിരിക്കും.