ശ്രീജീവിന്റെ കസ്റ്റഡി മരണം: കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്തയച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു.പാറശാല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത്.