മതാധിഷ്ഠിത ഭരണം വന്നാല്‍ ഇന്ത്യയ്ക്ക്  ദോഷം : മന്ത്രി ചന്ദ്രശേഖരന്‍

തളിപ്പറമ്പ്: ജനാധിപത്യ പ്രക്രിയയില്‍നിന്നു മാറി മതാധിഷ്ഠിതഭരണം വന്നാല്‍ ഇന്ത്യ മറ്റൊരു ഹിന്ദു പാക്കിസ്ഥാനായി മാറിപ്പോകുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍.
സിപിഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമില്ലാത്തവരെയെല്ലാം കൊലപ്പെടുത്തുന്ന നിഷ്ഠൂരമായ ഭരണമാണ് ഇന്ത്യയിലിപ്പോള്‍ നടക്കുന്നത്. തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായി മാറിയിരിക്കുന്നു. നിയമനിര്‍മാണ സഭകളെ നോക്കുകുത്തികളാക്കി മാറ്റി അപകടകരമായ രീതിയില്‍ ഭരണഘടനാസ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയത അപകടനിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജനപക്ഷ നിലപാടുകള്‍ സ്വീകരിച്ച് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ്ബാബു രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ്‌കുമാര്‍, ജില്ലാ അസി.സെക്രട്ടറി കെ.ടി.ജോസ്, കെ.വി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.