ആധാര്‍, ശബരിമല: 17മുതല്‍ഭരണഘടനാ ബെഞ്ചില്‍

supreme courtന്യൂഡല്‍ഹി: ജഡ്ജിമാരുടെ പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ സുപ്രീംകോടതി കടന്നുപോകുന്നതിനിടെ, ആധാറിന്റെ ഭരണഘടനാ സാധുത, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങിയ എട്ട് കേസുകളില്‍ 17ന് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം വൈകിട്ട് സുപ്രീംകോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ചീഫ് ജസ്റ്റിസിന് പുറമേ ഏതൊക്കെ ജഡ്ജിമാരാണ് ബെഞ്ചിലുണ്ടാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് മാത്രമാണുള്ളത്.
ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയാല്‍ അത് വീണ്ടും വലിയ പ്രശ്‌നങ്ങളുണ്ടാക്കും.
ആധാറിന്റെ ഭരണഘടനാ സാധുതയും ശബരിമലയിലെ സ്ത്രീ പ്രവേശനവും സ്വവര്‍ഗരതി കുറ്റകരമാക്കുന്ന 377ാം വകുപ്പിന്റെ നിയമസാധുതയും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ശിക്ഷയും സ്ത്രീക്ക് സംരക്ഷണവും നല്‍കുന്ന ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്റെ നിയമസാധുതയും പരിശോധിക്കുന്ന കേസുകളാണ് ഭരണഘടനാ ബെഞ്ചിന് മുന്‍പിലുള്ളത്.