ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്‌സിറ്റ്‌പോള്‍ ഫലം വൈകുന്നേരം മുതല്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. മധ്യവടക്കന്‍ ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
851 സ്ഥാനാര്‍ഥികളാണു രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അഹമ്മദാബാദും വഡോദരയും ഉള്‍പ്പെടുന്ന മധ്യഗുജറാത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനാണു പ്രാമുഖ്യം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍(മെഹ്‌സാന), ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി(വഡ്ഗാം), ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍(രാധന്‍പുര്‍) തുടങ്ങിയവര്‍ ഇന്നു ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.
പോളിംഗ് പൂര്‍ത്തിയായ ശേഷം ഇന്നു വൈകുന്നേരത്തോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരും.