കെജ്‌രിവാളിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

anna_hazare_and_arvind_kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്‌രിവാള്‍ ഉണ്ടാവില്ലെന്നതാണ് പ്രതീക്ഷയെന്ന് ഹസാരെ തുറന്നടിച്ചു. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുന്നു അദ്ദേഹം.
അരവിന്ദ് കെജ്‌രിവാള്‍ 2011ല്‍ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹസാരെയുടെ വിമര്‍ശം.
യു.പി.എ സര്‍ക്കാര്‍ ജനലോക്പാല്‍ ബില്‍ നിയമമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു. മാര്‍ച്ച് 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ ആഗതമായിട്ടില്ല. നമുക്ക് മുതലാളികളുടെ സര്‍ക്കാരിനെയല്ല വേണ്ടത്. മോദിയെയും രാഹുലിനെയും നമുക്ക് വേണ്ട.കര്‍ഷക താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്കാവശ്യം’, ഹസാരെ കൂട്ടിച്ചേര്‍ത്തു.