വ്യാപാരിക്കും ഉപഭോക്താവിനും സൗകര്യമാകുന്ന രീതിയില്‍ മിഠിയിത്തെരുവ് മാറണം: പോള്‍ കല്ലാനോട്

കോഴിക്കോട്: വ്യാപാരികളെയും വ്യവസായികളെയും പരിഗണിച്ചുകൊണ്ടുള്ള മാറ്റമാണ് മിഠായിത്തെരുവില്‍ ഉണ്ടാവേണ്ടതെന്ന് ചിത്രകാരന്‍ പോള്‍ കല്ലാനോട്. ” നവീകൃത മിഠായിത്തെരുവും വാഹന ഗതാഗതവും” എന്ന വിഷയത്തില്‍ ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി സംഘടിപ്പിച്ച പൊതുചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മിഠായിത്തെരുവില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്കാണ് പ്രാധാന്യമെന്നും അതിനാല്‍ വീതി കുറഞ്ഞ റോഡിലൂടെയുള്ള വാഹന ഗതാഗതം അനുവദിക്കാതിരിക്കുന്നതാണ് നല്ലതെന്നും റിട്ട. ഡി.എസ്.പി എന്‍. സുഭാഷ് ബാബു പറഞ്ഞു. പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ബാദ്ധ്യത നികുതി കൈപ്പറ്റുന്നവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡണ്ട് ടി.കെ.എ.അസീസ് അധ്യക്ഷത വഹിച്ചു.മരിച്ചു കൊണ്ടിരുന്ന മിഠായിത്തെരുവിന് ജീവന്‍ നല്‍കുകയാണ് ജില്ല ഭരണകൂടം ചെയ്തതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി കെ. ശ്രീധരന്‍ പറഞ്ഞു. അത് അഭിനന്ദനാര്‍ഹമാണ്. കച്ചവടക്കാര്‍ തെരുവ് കയ്യേറുന്ന അവസ്ഥ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനം ഇല്ലാതായാല്‍ മിഠായിത്തെരുവിലെ കച്ചവടം കൂടുമെന്ന് ഡോ. രാഘവയ്യ പറഞ്ഞു. സഞ്ചാരി എന്ന നിലയില്‍ ചിന്തിക്കുമ്‌ബോള്‍ വാഹനം ഇല്ലാതിരിക്കുന്നതാണ് മിഠായിത്തെരുവില്‍ നല്ലതെന്ന് ഐ.ഐ.എ. ജില്ല ചെയര്‍മാന്‍ എ.ആര്‍. ബ്രിജേഷ് ഷൈജല്‍ പറഞ്ഞു.റയില്‍വേ സ്റ്റേഷനിലേക്കുള്ള കുറുക്കു വഴിയല്ല മിഠായിത്തെരുവിലെ റോഡെന്നും നടന്നുള്ള ഷോപ്പിംഗ് അനുഭവമാണ് വേണ്ടതെന്നും പ്രസ്‌ക്ലബ് സെക്രട്ടറി പി. വിപുല്‍ നാഥ് പറഞ്ഞു. മിഠായിത്തരുവിനെ തെരുവായി നിലനിറുത്തി പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്ന് അഡ്വ. മോഹന്‍ കുമാര്‍ പറഞ്ഞു. വി.സുനില്‍കുമാര്‍ പി.ഗോപാലകൃഷ്ണന്‍,വി.പി.അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.