ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണം

 

ഗുരുവായൂര്‍: ആന പാപ്പാന്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടു ഗുരുവായൂര്‍ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ക്ഷേത്രത്തില്‍ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് ഒരാന മതിയെന്നു ഭരണസമിതി തീരുമാനമെടുത്തു.
സുരക്ഷാ കാരണങ്ങളാലും പോലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുമാണ് തീരുമാനം. മണ്ഡലകാലത്ത് നടക്കുന്ന രാവിലത്തെ ശീവേലിക്കു മൂന്ന് ആനകളെ എഴുന്നള്ളിക്കും.
വിശേഷ ദിവസങ്ങളായ ഉത്സവം, അഷ്ടമിരോഹിണി, ഏകാദശി ദിവസങ്ങളിലും സ്വര്‍ണക്കോലം, വെള്ളിക്കോലം എഴുന്നള്ളിപ്പു ദിവസങ്ങളിലുമാണ് ഇനി മൂന്ന് ആനകളെ അണിനിരത്തിയുള്ള എഴുന്നള്ളിപ്പുണ്ടാവൂ.
വിദഗ്ധ പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ആനകളെ മാത്രം എഴുന്നള്ളിപ്പുകള്‍ക്ക് അയച്ചാല്‍ മതിയെന്നും തീരുമാനിച്ചു. ജീവധനം വിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തി.
മദപ്പാട് കാലം കഴിഞ്ഞ് ഒരുമാസത്തിനുശേഷമേ ആനകളെ എഴുന്നള്ളിപ്പുകള്‍ക്കു വിടാവൂ. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പു സമയത്ത് പ്രത്യേക പരിശീലനം നേടിയ അഞ്ചു പാപ്പാന്‍മാരെ ക്ഷേത്രത്തില്‍ നിയോഗിക്കും. ഇതിനുളള പാപ്പാന്‍മാരുടെ ലിസ്റ്റ് തയാറാക്കി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കണം.
എഴുന്നള്ളിപ്പ് ചടങ്ങുകള്‍ തീരുന്നതുവരെ ജീവധനം വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലുണ്ടാകണം.
സുരക്ഷയ്ക്കായി ക്ഷേത്രത്തില്‍ കാച്ച് ബല്‍റ്റ്, വടം എന്നിവ സൂക്ഷിക്കാന്‍ ക്ഷേത്രം ഡിഎക്കു നിര്‍ദേശം നല്‍കി.
എഴുന്നള്ളിപ്പുകള്‍ക്ക് അയയ്ക്കാന്‍ തീരുമാനിച്ച ആനകളുടെ ഫിറ്റ്‌നസ് പരിശോധന മാസത്തിലെ ആദ്യ ആഴ്ച പൂര്‍ത്തീകരിക്കണം.
ജീവധനം എക്‌സ്പര്‍ട്ട് കമ്മിറ്റിയിലേക്കു പുതിയതായി മൂന്നുപേരെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ക്ഷേത്രത്തിലുണ്ടായ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരമായി താംബൂല പ്രശ്‌നം നടത്തും.ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.