സൗത്ത് ബീച്ച് സൗന്ദര്യവത്കരണം പുരോഗമിക്കുന്നു

Calicut_Beach

കോഴിക്കോട്: സൗത്ത് ബീച്ചിലെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
3.85 കോടി രൂപ ചെലവില്‍ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗമാണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ ഉദ്ഘാടനം നടത്താമെന്നാണ് അധികൃതര്‍ കരുതുന്നത്.
2016 ജൂണിലാണ് സൗത്ത് ബീച്ചില്‍ സൗന്ദര്യവത്കരണം ആരംഭിച്ചത്. സൗത്ത് കടല്‍പ്പാലത്തിന് തെക്കുഭാഗത്തുനിന്ന് 800 മീറ്ററോളം നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് മോടികൂട്ടല്‍. 330 മീറ്റര്‍ നീളത്തില്‍ കടലിനോടു ചേര്‍ന്ന് നിര്‍മിച്ച നടപ്പാതയാണ് മുഖ്യ ആകര്‍ഷണം. കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന വൃത്താകൃതിയിലുള്ള നാല് വ്യൂ പോയിന്റുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാനുള്ള ഷെല്‍ട്ടറുകള്‍, വിവിധ രൂപത്തിലുള്ള ഇരിപ്പിടങ്ങള്‍, കടലിലേക്കിറങ്ങാനുള്ള പടവുകള്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. വലിയ ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്.
നടപ്പാതയില്‍ ഇന്റര്‍ലോക്കും ഇരിപ്പിടങ്ങളില്‍ ടൈല്‍സും പതിക്കുന്നതടക്കമുള്ള പണികളാണ് നടക്കാനുള്ളത്. ബീച്ചിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ ഉടമസ്ഥരുമായുണ്ടായ നിയമ പോരാട്ടമാണ് നിര്‍മാണം വൈകിപ്പിച്ചത്.
അനധികൃതമായി നിര്‍മിച്ച കടയുടെ ചെറിയഭാഗം കളക്ടറുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയിരുന്നു. ഉടമസ്ഥര്‍ കോടതിയെ സമീപിച്ചതിനാല്‍ കടയോട് ചേര്‍ന്ന ഭാഗങ്ങളിലെ നിര്‍മാണം താത്കാലികമായി നിര്‍ത്തി മറ്റ് പണികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കോഴിക്കോട് ബീച്ചില്‍ നവീകരണം നടത്താന്‍ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്റ്റേജിന്റെ നവീകരണം, പടവുകളുടെ അറ്റകുറ്റപ്പണി, ലൈറ്റുകള്‍ സ്ഥാപിക്കല്‍, ടോയ്‌ലറ്റ് നിര്‍മാണം തുടങ്ങിയവയാണ് നടത്തുക. ഇതിന്റെ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. 45 ദിവസത്തിനുള്ളില്‍ പണി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉന്തുവണ്ടി കച്ചവടക്കാരെ നിയന്ത്രിക്കാനും ഉടന്‍ നടപടി ആരംഭിക്കും. കച്ചവടക്കാര്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ബീച്ച് റോഡിലും സമീപ റോഡുകളിലും വാഹനങ്ങള്‍ തോന്നിയതു പോലെ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്.ഇത് ഒഴിവാക്കാന്‍ പാര്‍ക്കിംഗ് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.