രാഹുല്‍ 16ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 16ന് രാവിലെ 11ന് സ്ഥാനമേല്‍ക്കും.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി സമര്‍പ്പിച്ച 89 പത്രികകളും സാധുവാണെന്നും മറ്റാരും പത്രിക നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി ഭരണഘടനയുടെ 18(ഡി) വകുപ്പനുസരിച്ചാണ് അദ്ധ്യക്ഷനായി പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് 16ന് രാവിലെ 11ന് രാഹുലിന് കൈമാറും.
തുടര്‍ന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റുവാങ്ങും. എ.ഐ.സി.സിയുടെ അടുത്ത പ്‌ളീനറി സമ്മേളനത്തിലാണ് രാഹുല്‍ ഔപചാരികമായി സ്ഥാനമേല്‍ക്കുക. രാഹുലിനെ പ്രസിസന്റായി പ്രഖ്യാപിച്ചത് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു.