രാഹുല്‍ ഗാന്ധി 14നു തിരുവനന്തപുരത്ത്

തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഈ മാസം 14 നു തിരുവനന്തപുരത്തെത്തും. ഈ മാസം ഒന്നിനു ശംഖുമുഖത്തു നടത്താനിരുന്ന പരിപാടി ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
പതിന്നാലിനു രാവിലെ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഗാന്ധി വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. അതിനു ശേഷം സെനറ്റ് ഹാളില്‍ ബേബി ജോണ്‍ ജന്മശതാബ്ദി പരിപാടിയില്‍ സംബന്ധിക്കും. ഈ പരിപാടിയും നേരത്തേ മാറ്റിവച്ചതാണ്.
വൈകുന്നേരം അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കം സമാപനത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. ശംഖുമുഖത്തുനിന്നു വേദി സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുത്തയുടന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. പടയൊരുക്കത്തിലൂടെ യുഡിഎഫിനെ സര്‍വസജ്ജമാക്കാന്‍ സാധിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഒപ്പുശേഖരണത്തില്‍ 1.08 കോടി പേരുടെ ഒപ്പു ശേഖരിച്ചതായി രമേശ് അറിയിച്ചു.