പലസ്തീന്‍ ജനത യഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് നെതന്യാഹു

nethenayahu

പാരീസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിനെതിരായ പ്രതിഷേധങ്ങള്‍ തള്ളി ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. പലസ്തീന്‍ ജനത യഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. അധികം വൈകാതെ അവര്‍ക്ക് തീരുമാനം അംഗീകരിക്കേണ്ടി വരും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടും നെതന്യാഹു പാരീസില്‍ പ്രതികരിച്ചു. ഫ്രഞ്ച് പ്രസിഡന്റ്എമ്മാനുവേല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ നടപടിക്കെതിരായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. ബെയ്‌റൂട്ടിലെ യുഎസ് എംബസിയുടെ സമീപത്തേക്കു പലസ്തീന്‍ പതാകകള്‍ വീശി നീങ്ങിയ വന്‍ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലും യുഎസ് വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറി.
യുഎസിനോട് പ്രഖ്യാപനത്തില്‍ നിന്നു പിന്മാറാന്‍ അറബി വിദേശകാര്യമന്ത്രിമാരുടെ യോഗം അഭ്യര്‍ഥിച്ചിട്ടുണ്ട്.