നിലനിര്‍ത്താന്‍ ബി.ജെ.പി ; പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്

rahul-modi

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 182 അംഗ നിയമസഭയിലെ സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 1700 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
പട്ടേല്‍ സംവരണ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അല്‍പ്പേഷ് താക്കൂര്‍ എന്നീ യുവതുര്‍ക്കികളുടെ പിന്തുണ സമാഹരിച്ച് ജാതി സമവാക്യങ്ങള്‍ തിരുത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
22 വര്‍ഷം നീണ്ട ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. കര്‍ഷക പ്രശ്‌നങ്ങളും പട്ടേല്‍ സമുദായത്തിന്റെ സംവരണ വിഷയവും ജി.എസ്.ടിയും നോട്ട് അസാധുവാക്കലും വരുത്തിവച്ച ബുദ്ധിമുട്ടുകളുമാണ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയത്. എന്നാല്‍ ശക്തമായ നേതൃത്വമില്ലായ്മ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഊന്നിയാണ് ബി.ജെ.പിയുടെ തേരോട്ടം. ജാതി രാഷ്ട്രീയം മുറുകെപ്പിടിച്ച് കോണ്‍ഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രാദേശിക വാദവും ബി.ജെ.പി ആയുധമാക്കി. 150 സീറ്റാണ് ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നതെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
ഇരു പാര്‍ട്ടികള്‍ക്കും ഏറ്റവും നിര്‍ണായകം സൗരാഷ്ട്രയാണ്. ബി.ജെ.പിക്കൊപ്പം എന്നും അടിയുറച്ച് നിന്നിട്ടുണ്ട് പട്ടേല്‍ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഈ മേഖല. സൗരാഷ്ട്രയും കച്ചും ചേര്‍ന്നുള്ള 54 മണ്ഡലങ്ങളില്‍ 31 ഇടത്തും പട്ടേല്‍ സമുദായത്തിന് 25 ശതമാനത്തിലധികം വോട്ടുണ്ട്. ഇത് ഇത്തവണ ബി.ജെ.പിക്ക് വിരുദ്ധമായി തിരിഞ്ഞാല്‍ കോണ്‍ഗ്രസിന് അദ്ഭുതം സൃഷ്ടിക്കാനാകും. അതേസമയം, പട്ടേല്‍ സമുദായത്തിന്റെ വോട്ട് ഭിന്നിച്ചാല്‍ ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യും. സൗരാഷ്ട്ര വിജയിക്കുന്നവരാണ് സംസ്ഥാനം ഇതുവരെ ഭരിച്ചിട്ടുള്ളതും. അതുകൊണ്ടുതന്നെ ഇരു പാര്‍ട്ടികള്‍ക്കും ഏറ്റവും നിര്‍ണായകവും ഒന്നാം ഘട്ടമാണ്.