കോഹ്‌ലിയും ധോണിയും ആവശ്യപ്പെട്ടു ; ബിസിസിഐ കേട്ടു

virat-dhoni

മുംബൈ: തങ്ങളുടെ വാര്‍ഷികശമ്പളം വര്‍ധിപ്പിക്കണമെന്ന വിരാട് കോഹ്‌ലിയുടെയും മഹേന്ദ്രസിംഗ് ധോണിയുടെയും വാക്കുകള്‍ ബിസിസിഐ കേട്ടിരിക്കുന്നു. താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നതു സംബന്ധിച്ച അനൗദ്യോഗിക തീരുമാനം ബിസിസിഐ ഭരണസമിതി എടുത്തതായാണ് വിവരം.
ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി, ഡയാന എഡുള്‍ജി, എന്നിവരുടെ കൂടിക്കാഴ്ചയില്‍ കോഹ്‌ലിയുടെയും സംഘത്തിന്റെയും വാര്‍ഷിക ശമ്പളം ഉയര്‍ത്താന്‍ തീരുമാനിച്ചു. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പുതിയ ശമ്പളം ഏവരിലും അദ്ഭുതമുണ്ടാക്കുമെന്നാണ് അറിവ്. കാരണം,ഗ്രേഡ് എ താരങ്ങള്‍ക്ക് 12 കോടി രൂപ വരെയാകും പ്രതിവര്‍ഷ ശമ്പളം എന്നാണ് സൂചന. അതായത്. ഒരു മാസം ഒരു താരത്തിനു ലഭിക്കുന്നത് ഒരു കോടി രൂപ. നിലവില്‍ ഗ്രേഡ് എ താരങ്ങള്‍ക്കു ലഭിക്കുന്നത് രണ്ടു കോടി രൂപയും ഗ്രേഡ് ബി താരങ്ങള്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ്. വിരാട് കോഹ്‌ലി, മഹേന്ദ്രസിംഗ് ധോണി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, ആര്‍. അശ്വിന്‍ തുടങ്ങിയവരാണ് എ ഗ്രേഡ് കരാറിലുള്ളത്. ഇവരൊക്കെ ഇതേ ഗ്രേഡില്‍ തുടരുകയും ഹര്‍ദിക് പാണ്ഡ്യയടക്കമുള്ള മികച്ച ഫോമിലുള്ള താരങ്ങളെ എ ഗ്രേഡിലേക്ക് ഉയര്‍ത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കരാര്‍ പ്രകാരം ബി ഗ്രേഡ് താരങ്ങള്‍ക്ക് ആറു കോടി രൂപയും സി ഗ്രേഡ് താരങ്ങള്‍ക്ക് മൂന്നു കോടി രൂപയും വാര്‍ഷിക ശമ്പളമായി ലഭിക്കുമത്രേ. നിലവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്. എ ഗ്രേഡ് താരങ്ങള്‍ക്ക് ഇപ്പോള്‍ അവിടെ ലഭിക്കുന്നത് ആറു കോടി രൂപയാണ്. ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവര്‍ ഇന്ത്യന്‍ താരങ്ങളായി മാറും.