കത്ത് നല്‍കാത്തവര്‍ക്ക് 16നകം വാക്‌സിനേഷന്‍

മലപ്പുറം: വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും 16 നകം കുത്തിവയ്പ്പ് ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ പറഞ്ഞു. വാക്‌സിനേഷന്‍ കുറഞ്ഞ സ്‌കൂളുകളിലെ പ്രധാന അധ്യപകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
കുത്തിവയ്പ്പ് എടുക്കാന്‍ താത്പര്യമില്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കണമെന്ന് ഉത്തരവിറങ്ങിയിരുന്നു.
കുത്തിവയ്പ്പ് 95 ശതമാനമെങ്കിലും ലക്ഷ്യം നേടിയില്ലെങ്കില്‍ പ്രതിരോധ കുത്തിവെപ്പിന്റെ ഗുണം സമൂഹത്തിന് ലഭിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. എംആര്‍ വാക്‌സിനേഷന്‍ കുട്ടികള്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ വാക്‌സിനേഷന്‍ നടത്തിയ കുട്ടികളുടെ കണക്ക് പരിശോധിക്കണം. ഇത് പ്രധാന അധ്യാപകര്‍ ക്രോഡീകരിക്കാനും തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെ 66.49 ശതമാനം വാക്‌സിനേഷനാണ് എടുത്തിട്ടുള്ളത്.
10ാം മാസം മുതല്‍ 10ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും എം.ആര്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമായും നല്‍കണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും ചടങ്ങില്‍ വായിച്ചു.
നമ്മുടെ ജനതയുടെ ഭാവി ഭദ്രമാക്കാനുള്ള എംആര്‍ വാക്‌സിനേഷന്‍ പദ്ധതിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച തങ്ങള്‍ വാക്‌സിനേഷന്‍ മുസ്ലിം ഉന്മൂലനത്തിനുള്ളതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. കുപ്രചാ രണങ്ങളില്‍ വീണ് കുട്ടികളുടെ ആരോഗ്യം അപകടപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡിഎംഒ ഡോ.കെ.സക്കീന, ഡെപ്യുട്ടി കളക്ടര്‍ ഡോ.ജെ.യു.അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.