പത്രിക തള്ളിയതില്‍ ഇടപെടല്‍ വേണമെന്നു രാഷ്ട്രപതിയോടു വിശാല്‍

vishal-

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതില്‍ പ്രതിഷേധവുമായി നടന്‍ വിശാല്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ വിശാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തെഴുതി. ട്വിറ്ററിലൂടെയാണ് വിശാലിന്റെ തുറന്ന കത്ത്.
ഞാന്‍ വിശാല്‍, ചെന്നൈ ആര്‍കെ നഗറിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിഞ്ഞിരിക്കുമെന്നു കരുതുന്നു. എന്റെ നാമനിര്‍ദേശ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തു. ഇത് നീതിനിഷേധമാണ്. ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്. നീതി നടപ്പിലാവും എന്നാണ് എന്റെ പ്രതീക്ഷ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സുചിപ്പിച്ചുകൊണ്ട് വിശാല്‍ ട്വീറ്റ് ചെയ്തു.
ഏറെ നാടകീയതകള്‍ക്കൊടുവില്‍ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള വിശാലിന്റെ ശ്രമത്തിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടയിട്ടത്. ആദ്യ പരിശോധനയില്‍ വിശാലിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. വിശാലിനെ പിന്തുണച്ചവരുടെ പേര് വിവരങ്ങളിലും ഒപ്പിലും പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
എന്നാല്‍ തന്നെ പിന്തുണച്ചവരെ എതിരാളികള്‍ ഭീഷണിപ്പെടുത്തിയതിന് ഫോണ്‍ സംഭാഷണങ്ങള്‍ അടക്കം തെളിവുകള്‍ വിശാല്‍ പുറത്തുവിട്ടു. ഇത് തെളിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വിശാലിന്റെ പത്രിക സ്വീകരിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പത്രിക സ്വീകരിച്ചതായി വിശാല്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണു പത്രിക തള്ളാന്‍ വരണാധികാരി തീരുമാനിച്ചത്. വിശാലിനെ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന ആരോപണത്തെ തുടര്‍ന്നാണു പത്രിക തള്ളുന്നതെന്നാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വിശദീകരണം.
വിശാലിനൊപ്പം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവള്‍ ദീപയുടെയും നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.