വനിതാ പോലീസുകാരുടെ എണ്ണം മൂന്നിരട്ടിയാക്കും

കൊച്ചി: മുഴുവന്‍ ജില്ലകളിലും ഉടന്‍ സ്ത്രീ സുരക്ഷാ ഓഫീസര്‍മാരെ നിയമിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ. സ്ത്രീ സുരക്ഷാ ഓഫീസര്‍മാരുടെ കുറവു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ കൂടുതല്‍ കൗണ്‍സിലര്‍മാരെയും നിയമിക്കും. വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്ററുകള്‍ക്കായി കേന്ദ്രം 40 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ചു നാലു ജില്ലകളില്‍ സെന്ററുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. ഗാര്‍ഹിക പീഡനത്തില്‍നിന്നു സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്ന നിയമം (പിഡബ്ല്യുഡിവി ആക്ട് 2005) സംബന്ധിച്ച സംസ്ഥാനതല സെമിനാര്‍ എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത ഘട്ടത്തില്‍ ഒമ്പതു ജില്ലകളില്‍കൂടി ഇത്തരം സെന്ററുകള്‍ തുടങ്ങും. വൈദ്യസഹായം, പോലീസ്, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഗാര്‍ഹിക പീഡനത്തിനു വിധേയരാകുന്നവരുടെ മൊഴിയെടുക്കാനും ഇവരെ താമസിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാക്കും. സംസ്ഥാനത്തു വനിതാ പോലീസുകാരുടെ കുറവു പരിഹരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനിതാ പോലീസുകാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കും മന്ത്രി പറഞ്ഞു.