സിവില്‍ നിയമവും, സിവില്‍ നടപടിക്രമങ്ങളും കാലോചിതമായി പരിഷ്‌കരിക്കണം – കെ.സി.ജെ.എസ്.ഒ

കോഴിക്കോട്: സിവില്‍ നിയമവും, സിവില്‍ നടപടിക്രമങ്ങളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും സാധാരണക്കാര്‍ക്ക് മനസിലാവുന്ന രീതിയില്‍ കോടതി നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും കേസുകളുടെ ബാഹുല്യത്തിന് ആനുപാതികമായി ജീവനക്കാരുടേയും കോടതികളുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകണമെന്നും, കേരളാ സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 28-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. താമരശ്ശേരി മുന്‍സിഫ് കോടതി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുക, ജീവനക്കാര്‍ക്ക് കോടതി ആസ്ഥാനത്ത് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുക തുടങ്ങിയാവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എം.ആര്‍ അനിത ഉദ്ഘാടനം ചെയ്തു. പൊതു ഖജനാവിലെ പണം ശമ്പളമായി കൈപ്പറ്റുന്ന ജീവനക്കാര്‍ ജനസേവകരാണെന്ന തിരിച്ചറിയല്‍ മുഴുവന്‍ സമയവും ആത്മാര്‍ത്ഥയോടെ ജോലി ചെയ്യണമെന്ന് ജില്ലാ ജഡ്ജി അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ശശിധരന്‍പിള്ള, ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വക്കെറ്റ് ജയ പ്രശാന്ത് ബാബു, അഡ്വക്കറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍, കെ.സി.ജെ.എസ്.ഒ സംസ്ഥാന സമിതി അംഗം ഇ.ടി ലതീഷ് കുമാര്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കെ.സുരേന്ദരന്‍ എന്നിവര്‍ സംസാരിച്ചു. പി.എം.അനീഷ് സ്വാഗതവും, കെ.ബൈജു നന്ദിയും പറഞ്ഞു.ഭാരവാഹികളായി എം.കെ സത്യന്‍ (പ്രസിഡന്റ്), കെ.ബൈജു, എം.കെ സുനില്‍കുമാര്‍ (വൈസ്പ്രസിഡന്റുമാര്‍), സി.ആര്‍.ജീവേഷ്(സെക്രട്ടറി), പി.വിനോദ്, പി.ജയപ്രകാശ് (ജോ.സെക്രട്ടറിമാര്‍), പി.എം. അനീഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.