തോമസ് ചാണ്ടി രാജിവച്ചു എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍  മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറി

chandy

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കും നാടകങ്ങള്‍ക്കും അവസാനമായി തോമസ് ചാണ്ടി ഒടുവില്‍ രാജിവച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഉച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പീതാംബരന്‍ മുഖ്യമന്ത്രിയുമായി നടകത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം എന്‍.സി.പി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമെ ഉണ്ടാവൂ എന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് നാടകീയമായി രാജി പ്രഖ്യാപനം ഉണ്ടായത്.
രാവിലെ തോമസ് ചാണ്ടിയും എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.പീതാംബരനും ക്‌ളിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമയം വേണമെന്നായിരുന്നു അപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത്. അതിനിടയില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടു നിന്നിരുന്നു. സി.പി.ഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, കെ.രാജു, പി.തിലോത്തമന്‍ എന്നിവരാണ് വിട്ടു നിന്നത് . മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐയുടെ മന്ത്രിമാരുടെ തീരുമാനമുണ്ടായത്.അതേ സമയം സിപിഐ മന്ത്രിമാര്‍ ഇന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി നിലപാട് അനുസരിച്ചാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി . ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു