സരയൂ നദിക്കരയില്‍ ശ്രീരാമ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍

yogi-adityanath

ലക്‌നോ: അയോധ്യയില്‍ സരയൂ നദീ തീരത്ത് ശ്രീരാമന്റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ നിന്നും ഏറെ അകലയല്ലാതെയാണ് പ്രതിമ സ്ഥാപിക്കാന്‍ യുപി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. തീര്‍ഥാടന വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കാനുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താത്പര്യമാണ് പദ്ധതിക്ക് പിന്നിലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പദ്ധതിയുടെ രൂപരേഖ അന്തിമമായി തയാറായിക്കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളില്‍ ഒന്നു മാത്രമാണിതെന്നാണ് യുപി സര്‍ക്കാരിന്റെ വിശദീകരണം. ഇന്തോനേഷ്യയിലെ ബാലിയില്‍ ചെന്നാല്‍ ഇത്തരം പ്രതിമകള്‍ കാണാന്‍ കഴിയുമെന്നും അത്തരത്തില്‍ യുപിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ടൂറിസം സെക്രട്ടറി അവിനാഷ് അവാസ്ഥി പ്രതികരിച്ചു.
ദീപാവലി ആഘോഷത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തയാഴ്ച അയോധ്യയില്‍ എത്തുന്നുണ്ട്. യുപി ഗവര്‍ണര്‍ രാം നായിക്, കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, മഹേഷ് ശര്‍മ എന്നിവരും ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കും.അയോധ്യ ഹിന്ദു സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും തന്റെ സര്‍ക്കാരിന് ഇത് അവഗണിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.