30 കിലോ സ്വര്‍ണം പിടികൂടി 

gold

ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലക്ഷ്വറി ബസ്സില്‍ നിന്നാണ് 10 കോടി രൂപയിലധികം വരുന്ന സ്വര്‍ണം പിടികൂടിയത് ആറുപേര്‍ കസ്റ്റഡിയില്‍
കല്‍പ്പറ്റ: രേഖകളില്ലാതെ കടത്തിയ പത്ത് കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വയനാട് അതിര്‍ത്തിയിലെ തോല്‍പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടി. ആറുപേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ വാഹന പരിശോധനക്കിടെയാണ് 30 കിലോയിലധികം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ബംഗളൂരുവില്‍നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ലക്ഷ്വറി ബസിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളും ബംഗളൂരുവില്‍ താമസക്കാരുമായ സങ്കേഷ് ബി, അഭയ് എം, ചമ്പാരം, മദന്‍ ലാല്‍, വിക്രം, കമലേഷ് എന്നീ ആറു പേരെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
സ്യൂട്ട്‌കേസുകളിലും ട്രോളി ബാഗുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ആഭരണങ്ങള്‍ ഉണ്ടായിരുന്നത്. എക്‌സൈസ് സംഘം പരിശോധന നടത്തുമ്പോള്‍ സംഘം നല്ല ഉറക്കത്തിലായിരുന്നു. ബലപ്രയോഗം കൂടാതെ തന്നെ കടത്തുകാര്‍ എക്‌സൈസ് സംഘത്തിന് മുന്നില്‍ കീഴടങ്ങി. ബംഗളൂരുവില്‍ നിന്ന് ബസില്‍ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് പരിശോധന. പിടിച്ചെടുത്ത സ്വര്‍ണവും പ്രതികളെയും വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ എ.ജെ. ഷാജി, സി.ബി. വിജയന്‍, എം.കെ. ഗോപി, കെ.ജെ. സന്തോഷ്, കെ.എം. സൈമണ്‍, കെ. രമേഷ്, ബാലകൃഷ്ണന്‍, സി.ഇ.ഒമാരായ എ.ടി.കെ. രാമചന്ദ്രന്‍, കെ. മിഥുന്‍, അജേഷ് വിജയന്‍, കെ.കെ. സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.