നിര്‍മലയുടെ ‘നമസ്‌തേ’: ‘മഞ്ഞുരുകലിന്റെ’ സൂചനയെന്ന് ചൈനീസ് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ചൈനീസ് സൈനികരോട് പറഞ്ഞ ‘നമസ്‌തേ’ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മയപ്പെടുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും വ്യതിചലനങ്ങളില്ലാത്ത സഹകരണം ഉറപ്പുവരുത്തണമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.പ്രതിരോധമന്ത്രി ചൈനീസ് സൈന്യത്തെ അഭിസംബോധന ചെയ്യുകയും അവരോട് സംസാരിക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നതിന്‍രെ സൂചനയാണെന്ന് ചൈനീസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസും വ്യക്തമാക്കി. ഞായറാഴ്ചയാണ് നിര്‍മല സീതാരാമന്‍ ഇന്ത്യചൈന അതിര്‍ത്തിപ്രദേശമായ ഡോക ലായില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെയാണ് അവര്‍ ചൈനീസ് പട്ടാളക്കാരുമായി സംവദിച്ചത്. ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ഫോട്ടോ പകര്‍ത്തിയപ്പോഴാണ് അവര്‍ സൈന്യത്തെ കൈവീശിക്കാണിച്ചത്. മന്ത്രിതന്നെയാണു താന്‍ ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചൈനീസ് പട്ടാളക്കാര്‍ നിര്‍മലയെ പരിചയപ്പെടുന്നതും മന്ത്രി അവരോടു നമസ്‌തേ പറയുന്നതും വീഡിയോയില്‍ കാണാം. നമസ്‌തേയുടെ അര്‍ഥം അറിയാമോ എന്നും നമസ്‌തേക്കു തത്തുല്യമായ ചൈനീസ് പദം ഏതാണെന്നും മന്ത്രി സൈനികരോടു ചോദിച്ചിരുന്നു. ചൈനീസ് സൈനികര്‍ നിര്‍മല സീതാരാമനോടു തിരിച്ചു നമസ്‌തേ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.