കോട്ടൂര്‍ ആന പരിപാലന കേന്ദ്രം വികസിപ്പിക്കും

തിരുവനന്തപുരം: ആനകളെ സൗകര്യപ്രദമായി പാര്‍പ്പിക്കാനും പരിപാലിക്കാനും കോട്ടൂര്‍ ആന പരിപാലന കേന്ദ്രം മികച്ച നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 105 കോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. വിനോദ സഞ്ചാരം വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിവയ്ക്കും. നാട്ടാനകളെ ഉടമകള്‍ ക്രൂരമായി ഉപദ്രവിക്കുന്ന സാഹചര്യങ്ങളില്‍ ആനകളെ ബലമായി പിടിച്ചെടുത്ത് പാര്‍പ്പിക്കാനും മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന കാട്ടാനകളെ പിടി കൂടി മെരുക്കാനും സൗകര്യം ഉറപ്പാക്കും. ജനവാസ മേഖലയിലേക്ക് വന്യജീവികള്‍ കടന്നുവന്നാല്‍ മുന്നറിയിപ്പ് നല്‍കാന്‍ എസ്.എം.എസ് അലര്‍ട്ട് , ആനകളുടെ സഞ്ചാരദിശ മനസിലാക്കാന്‍ റേഡിയോ കോളറിംഗ്, ചെക്ക്ഡാം നിര്‍മ്മിച്ച് വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കല്‍ തുടങ്ങിയവയും നടപ്പാക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വനം മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. എ. സമ്ബത്ത് എം.പി, കെ.എസ് ശബരീനാഥന്‍ എം.എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഏഴാച്ചേരി രാമചന്ദ്രന്‍, വനം വന്യജീവി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ ഭരദ്വാജ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. സാനുമതി, എച്ച്. നാഗേഷ് പ്രഭു എന്നിവര്‍ സംസാരിച്ചു.