ജി.എസ്.ടിയെ പരാജയപ്പെടുത്താനുള്ള ശ്രമം പരാജയമെന്ന് ജയ്റ്റ്‌ലി

Arun-Jaitley-

വാഷിംഗ്ടണ്‍: ജി.എസ്.ടിയെ പരാജയപ്പെടുത്താനുള്ള ഗൂഢലക്ഷ്യക്കാരുടെ ശ്രമം പരാജയമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സംസ്ഥാന സര്‍ക്കാരുകള്‍ വളരെ വേഗത്തിലാണ് ഈ മാറ്റത്തെ ഉള്‍കൊണ്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഹിസ്റ്ററി(സി.ഐ.ഐ),യു.എസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമായി ഇന്ത്യ ഇന്ന് ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്’.
വലിയ തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ഇന്ത്യ ഇന്ന് സജ്ജമായി കഴിഞ്ഞുവെന്നും ജയ്റ്റ്‌ലി പറഞ്ഞു. ‘യുവജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പെയ്‌മെന്റിന് വലിയ സ്വാധീനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെല്ലാം ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്’ ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. 250 ദേശീയപാതകളുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ തുറമുഖങ്ങള്‍ വന്‍വികസന പാതയിലാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.
പേപാല്‍ സി.ഇ.ഒ ഡാന്‍ഷ്യുല്‍മാന്‍, സി.ഐ.ഐയുടെ ചന്ദ്രജിത്ത് ബാനര്‍ജി എന്നിവര്‍ ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.