കേരളത്തിന്റെ ആവശ്യം തള്ളി: ഹജ്ജ് സീറ്റുകള്‍ കുറയും

mekka

കരിപ്പൂര്‍: പുതിയ ഹജ്ജ് നയത്തില്‍ കേരളത്തിന്റെ ആവശ്യം മുഖവിലക്കെടുത്തില്ല. ഹജ്ജ് അപേക്ഷകര്‍ക്ക് അനുസരിച്ച് ക്വോട്ട വീതം വയ്ക്കല്‍, ഒറ്റത്തവണ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയവയാണ് സംസ്ഥാന കമ്മിറ്റി ഹജ്ജ് നയത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നത്.
ഹജ്ജ് ക്വാേട്ട മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ വീതംവച്ച് നല്‍കാനാണ് പുതിയ നയത്തിലും ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് കൂടുതല്‍ അപേക്ഷകരുളള കേരളത്തിന് തിരിച്ചടിയാണ്. ഹജ്ജിന് ഓരോ വര്‍ഷവും 300 രൂപ നല്‍കി അപേക്ഷ നല്‍കുന്നത് നിര്‍ത്തി ഒറ്റത്തവണ അപേക്ഷ നല്‍കുന്ന രീതിയാക്കണമെന്നുളളതും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. ഹജ്ജ് സബ്‌സിഡി നിര്‍ത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെങ്കിലും തുടര്‍ച്ചയായ അപേക്ഷകര്‍ക്ക് അവസരം നല്‍കില്ലെന്നുളളതിനോട് കടുത്ത വിയോജിപ്പാണുളളത്.
70 വയസിനു മുകളില്‍ പ്രായമുളളവര്‍ക്കും തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാര്‍ക്കും നേരിട്ട് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത് പൂര്‍ണമായും എടുത്തുകളയണമെന്നാണ് പുതിയ നയത്തില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഈ രണ്ടു വിഭാഗത്തിലും കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം കൈവരുന്നത് കേരളത്തില്‍ നിന്നാണ്. ഇക്കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി 9090 പേര്‍ക്കും 70 വയസിന് മുകളിലുളളവരുടെ വിഭാഗത്തില്‍ 1740 പേര്‍ക്കുമാണ് അവസരം ലഭിച്ചത്. അടുത്ത വര്‍ഷം കേരളത്തില്‍നിന്ന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്നത് 14,391 പേരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിന് അപേക്ഷിക്കുന്നത് കേരളത്തില്‍നിന്നാണ്.എന്നാല്‍ മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാേട്ട വീതിക്കുന്നതിനാല്‍ 6000 സീറ്റുകള്‍ മാത്രമാണ് ലഭിക്കാറുളളത്.
പുതിയ ഹജ്ജ് നയത്തില്‍ സംശയങ്ങളും അവ്യക്തകളുമേറെയാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കേരളത്തില്‍ കൊച്ചിയാണ് നിശ്ചയിച്ചിരിക്കുന്നത്. മലബാറില്‍നിന്നാണ് ഹജ്ജിന് കൂടുതല്‍ പേര്‍ എന്നതിനാല്‍ യാത്രയ്ക്ക് എളുപ്പം കരിപ്പൂരാണ്. കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചി തുറമുഖം എന്ന നിലയ്ക്കാണോ ഉള്‍പ്പെടുത്തിയതെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. കൊച്ചി ഒഴികെ ഇന്ത്യയില്‍ അനുവദിച്ച ഒമ്പത് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും ഹജ്ജ് ഹൗസ് നിലവിലുണ്ട്. 45 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹറം നിര്‍ബന്ധമില്ലെന്നാണ് മറ്റൊരു ശിപാര്‍ശ. എന്നാല്‍ നാലു സ്ത്രീകള്‍ക്ക് വരെ ഒരു കവറില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട്. .