പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

പെരുമ്പാവൂര്‍: വേങ്ങൂര്‍ തൂങ്ങാലില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ജീവനക്കാരി മരിച്ചു. സാംന്തോം പബ്ലിക്ക് സ്‌കൂളിലെ ജീവനക്കാരി എല്‍സി കര്യാക്കോസാണ് (43) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എല്‍സിയെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം, 30ഓളം വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും ബസിലുണ്ടായിരുന്നു. നിസാര പരിക്കേറ്റ കുട്ടികളേയും അദ്ധ്യാപിക ജിസയേയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ്. അദ്ധ്യാപികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന ബസ് കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയും നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയുമായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപികയേയും ആയയേയും ആശുപത്രിയിലെത്തിച്ചത്. എല്‍സിയുടെ നില ഗുരുതരമായതിനാല്‍ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ ബസ് തകര്‍ന്നു. കുറുപ്പുംപടി പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
ബസ് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.