താനാണ് പ്രഥമ വനിതയെന്ന് ട്രംപിന്റെ മുന്‍ഭാര്യ ഇവാന
വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായ ഡൊണാള് ട്രംപിന്റെ മുന്‍ഭാര്യയും ഇപ്പോഴത്തെ ഭാര്യയും തമ്മില്‍ പ്രഥമ വനിതയുടെ സ്ഥാനത്തെ ചൊല്ലി തര്‍ക്കം. ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ താനാണ് യു.എസിന്റെ പ്രഥമവനിത എന്ന് പറഞ്ഞതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇവാനയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് ട്രംപ് മാര്‍ലാ മേപ്പിള്‍സിനെ വിവാഹം ചെയ്തു. ആ ബന്ധവും പിരിഞ്ഞു. ഏറ്റവും ഒടുവില്‍ വിവാഹം കഴിച്ചതാണ് മെലാനിയയെ.
റെയ്സിംഗ് ട്രംപ് എന്ന പേരില്‍ ഇവാന എഴുതുന്ന ഓര്‍മക്കുറിപ്പ് പുറത്തിറക്കുന്നതിന് മുമ്പ് നല്കിയ അഭിമുഖത്തിലായിരുന്നു ഇവാനയുടെ അവകാശവാദം. ട്രംപിന്റെ ആദ്യ ഭാര്യ ഞാനാണ്, അതുകൊണ്ട് പ്രഥമവനിതയും ഞാന്‍ തന്നെയാണ്. വൈറ്റ്ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എന്തുകൊണ്ടും അര്‍ഹയാണെന്നും എന്നാല്‍ അതിന് എനിക്ക് താല്പര്യമില്ല. ട്രംപിനെ നേരിട്ട ഫോണില്‍ വിളിക്കാനുള്ള നമ്പര്‍ എന്റെ കൈയിലുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കാറില്ല, മെലാനിയ അവിടെയുണ്ടല്ലോ. അവള്‍ക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവുമോ ഇതായിരുന്നു ഇവാനയുടെ പരാമര്‍ശം.അതേസമയം, ഇവാനയുടെ അവകാശവാദത്തെ മെലാനിയ തള്ളി. പുസ്തകം വില്‍ക്കുന്നതിനും ശ്രദ്ധ കിട്ടുന്നതിനും വേണ്ടി നടത്തുന്ന പ്രസ്താവനകളാണിതെന്നായിരുന്നു മെലാനിയയുടെ മറുപടി. ട്രംപുമായുള്ള ദാമ്പത്യബന്ധം തകരാനുണ്ടായ കാരണങ്ങളും മറ്റുമാണ് പുസ്തകത്തില്‍ പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും ഇവാന പറഞ്ഞു. താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ഒരു സുഖമുണ്ട്. അത് നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവാന പറഞ്ഞു.