കോഴിക്കോട് പ്രവാസികള്‍ക്കായി പ്രത്യേക ഫ്‌ളാറ്റ് പദ്ധതി വരുന്നു

പത്തനംതിട്ട: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് മുന്‍കൈയെടുത്തു പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നു ചെയര്‍മാന്‍ പി. പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലാണ് പ്രവാസി ഭവന പദ്ധതി പൈലറ്റ് പ്രോജക്ടായി ഏറ്റെടുക്കുന്നത്. മൂന്നു മുറികള്‍ ഉള്‍പ്പെടെ 20 ലക്ഷം രൂപ ചെലവിലുള്ള ഫ്‌ളാറ്റാണു പദ്ധതിയില്‍ ആലോചിക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ചു വിശദമായ ചര്‍ച്ച നടത്തുമെന്നും ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷം പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന പഴുതുകള്‍ അടച്ചുകൊണ്ടുള്ള സമീപനമാകും ഭവനനിര്‍മാണ ബോര്‍ഡ് സ്വീകരിക്കുകയെന്നും ചെയര്‍മാന്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപമാണു പദ്ധതിക്കു സ്ഥലം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു വായ്പാ പദ്ധതികളും ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഉറപ്പാക്കും. പ്രകൃതി സൗഹൃദ ഭവന നിര്‍മാണത്തിനായിരിക്കും ബോര്‍ഡ് മുന്‍തൂക്കം നല്‍കുക. ബോര്‍ഡിന്റേതായി വെറുതെ കിടക്കുന്ന ഭൂപ്രദേശങ്ങളെല്ലാം ലാഭകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചു പദ്ധതി തയാറാക്കി വരികയാണ്. എറണാകുളം മറൈന്‍ ഡ്രൈവിലെ ഭൂമി ഉള്‍പ്പെടെ ഏറ്റെടുത്തു പദ്ധതി നടപ്പാക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു.
ഭവനരഹിതര്‍ക്കുള്ള ഗൃഹശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതത്തില്‍ ആനുപാതിക വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ പ്രകൃതിക്കിണങ്ങുന്ന ഭവനങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതിക സഹായം ഭവന നിര്‍മാണ ബോര്‍ഡ് സാധാരണക്കാര്‍ക്ക് ഉറപ്പാക്കും. ഭവനനിര്‍മാണത്തിനാവശ്യമായ സാങ്കേതിക സഹായവും ശാസ്ത്രീയ പിന്തുണയും നല്‍കാന്‍ കഴിയുന്ന സംവിധാനം ബോര്‍ഡിനു കീഴില്‍ എല്ലാ ജില്ലകളിലും നല്‍കുമെന്നും പി. പ്രസാദ് പറഞ്ഞു