രാഷ്ട്രീയ പ്രവേശനം: കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്നാണു സൂചന. ആരാധകരുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളെന്ന് കമലിന്റെ പിആര്‍ സംഘത്തിലെ ഒരംഗം പേരുടെ വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്‍ രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കില്‍ താന്‍ ഒപ്പം ചേരുമെന്നു കമല്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ചലച്ചിത്രമേഖലയില്‍ തന്റെ എതിരാളിയാണെങ്കിലും നിര്‍ണായകമായ പല വിഷയങ്ങളിലും തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമല്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല. അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നല്‍കിയത്.