ഫാ. ടോമിന് വിദഗ്ധ പരിശോധന ആവശ്യം

tom

ന്യൂഡല്‍ഹി: പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും അറുതി വരുത്തിക്കൊണ്ടാണു പാലാ രാമപുരം സ്വദേശിയും സലേഷ്യന്‍ സന്യാസ സഭാംഗവുമായ ഫാ. ടോമിന്റെ മോചനം. പ്രത്യേക വിമാനത്തില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെത്തിച്ചശേഷം ഫാ. ടോമിനെ ഇതേ വിമാനത്തില്‍ വത്തിക്കാനിലെത്തിച്ചു. അമ്പത്തി യേഴുകാരനായ ഫാ. ടോമിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വിദഗ്ധ പരിശോധന ആവശ്യമായേക്കും. മോചിതനായതില്‍ ദൈവത്തിനും തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ഫാ. ടോം നന്ദി പറഞ്ഞു. ഫാ. ടോമിന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്നു വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇന്നലെ വൈകുന്നേരം 3.40നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഒമാനില്‍നിന്നുള്ള മോചന വാര്‍ത്തയും ഫാ. ടോമിന്റെ മസ്‌കറ്റിലെ വീഡിയോകളും ഫോട്ടോകളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷമായിരുന്നു സുഷമയുടെ ട്വിറ്റര്‍ സന്ദേശം. ഫാ. ടോമിനെ ഇന്ത്യയിലേക്ക് എപ്പോള്‍ എത്തിക്കുമെന്നതിനു കേന്ദ്രസര്‍ക്കാരിനു വ്യക്തമായ വിശദീകരണമില്ല. ഇതേസമയം, ഫാ. ടോമിനുവേണ്ടി ഇന്ത്യ മോചനദ്രവ്യമായോ അല്ലാതെയോ പണമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ വ്യക്തമാക്കി. ഭീകരര്‍ വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആരെങ്കിലും പണം നല്‍കിയോ എന്നതും വ്യക്തമല്ല.