ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. ജാമ്യാപേക്ഷ നല്‍കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞു. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തുന്നത്.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടുക. അച്ഛന്റെ ശ്രാദ്ധകര്‍മങ്ങള്‍ക്കായി അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഇളവ് അനുവദിച്ച കാര്യവും കോടതി പറഞ്ഞ വ്യവസ്ഥകള്‍ താന്‍ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയില്‍ അറിയിക്കും. എന്നാല്‍, ജാമ്യം നല്‍കരുതെന്നാവും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അതിനാല്‍ ഈ അവസരത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 15ന് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് രണ്ട് തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ആദ്യതവണ അഡ്വ. കെ. രാംകുമാര്‍ ആയിരുന്നു ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ഹാജാരായത്. എന്നാല്‍ അദ്ദേഹം പിന്നീട് കേസിന്റെ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് അഡ്വ. ബി. രാമന്‍പിള്ളയെ കേസ് ഏല്‍പിച്ചത്.