മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍

കസബയിലെ സിഐ രാജന്‍ സഖറിയ എന്ന പോലീസ് കഥാപാത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു. നവാഗതനായ ഷാജി പടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അബ്രഹാമിന്റെ സന്തതികള്‍ ഒരു പോലീസ് സ്റ്റോറി’ എന്നാണ് പേരിട്ടിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് പ്രേക്ഷകരുമായി പിന്നണിപ്രവര്‍ത്തകര്‍ ഈ വാര്‍ത്ത പങ്കുവെച്ചത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2018 ജനുവരിയില്‍ എറണാകുളത്ത് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം മമ്മൂട്ടി ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്‌റ്റൈലിഷ് ത്രില്ലറായിരിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു. താരം ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നു വ്യത്യസ്തമായ ഒന്നായിരിക്കും ചിത്രത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.