മത്സ്യബന്ധന തുറമുഖം: ആറിടത്ത് സാധ്യതാപഠനം

fishing harbour

തിരുവനന്തപുരം: സംസ്ഥാനത്തു രണ്ടു മത്സ്യബന്ധന തുറമുഖങ്ങള്‍ തുടങ്ങാനായി പഠനം പൂര്‍ത്തിയാകുന്നു. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍, കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ എന്നിവിടങ്ങളിലാണു മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനായി പഠനം അവസാനഘട്ടത്തിലേക്കു കടന്നത്. തമിഴ്‌നാടിനോടു ചേര്‍ന്ന സ്ഥലമായ പൊഴിയൂരിലെ മത്സ്യബന്ധന തുറമുഖം കേരളത്തിന്റെ തെക്കേയറ്റത്തെ മത്സ്യബന്ധന തുറമുഖമായി മാറും. കളിയിക്കാവിളയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണു പൊഴിയൂര്‍ തീരം.
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അജാനൂരില്‍ തുറമുഖം സ്ഥാപിക്കാനുള്ള പഠനവും പുരോഗമിക്കുകയാണ്. അതേസമയം, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ, പൂന്തുറ, വര്‍ക്കലയ്ക്കടുത്ത ചിലക്കൂര്‍, കൊല്ലം ജില്ലയില്‍ സൗത്ത് പരവൂര്‍, ആലുപ്പുഴ ജില്ലയില്‍ തൃക്കുന്നപ്പുഴ, തൃശൂര്‍ ജില്ലയില്‍ കൈപ്പമംഗലം, കോഴിക്കോട് ജില്ലയില്‍ കുര്യാടി, കൊടിക്കല്‍ കടപ്പുറം, കണ്ണൂര്‍ ജില്ലയില്‍ പുതിയങ്ങാടി എന്നിവിടങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു സാധ്യതാപഠനം നടന്നു വരികയാണ്. കൊല്ലം ജില്ലയിലെ മരുത്തടി, ആലപ്പുഴ ജില്ലയിലെ പുന്നപ്ര എന്നിവിടങ്ങളില്‍ ഫിഷ് ലാന്‍ഡിംഗ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തില്‍ 2017 മുതല്‍ 2022 വരെ രണ്ട് മത്സ്യബന്ധന തുറമുഖങ്ങളും രണ്ട് ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുമാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിഭാവന ചെയ്യുന്നത്.