സംസ്ഥാനത്ത് മൂന്നു ലക്ഷം ഹെക്ടറിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കും: മന്ത്രി

VS_SunilkumarDSC_0575.resized

പന്തളം: സംസ്ഥാനത്ത് നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ 1.92 ഹെക്ടര്‍ സ്ഥലത്താണ് സംസ്ഥാനത്ത് നെല്‍കൃഷിയുള്ളത്. 90,000 ഹെക്ടറിലധികം നെല്‍പാടങ്ങള്‍ തരിശായി കിടക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് തരിശായിക്കിടക്കുന്ന നെല്‍പാടങ്ങള്‍ പൂര്‍ണമായും കൃഷിയിറക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തരിശുഭൂമി കണ്ടെത്തി കൃഷിയിറക്കുന്നതിന് നേതൃത്വം നല്‍കാന്‍ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിയെന്ന നിലയില്‍ കത്ത് നല്‍കിയിട്ടുണ്ട്. തക്കതായ കാരണമില്ലാതെ സംസ്ഥാനത്ത് ഭൂമി തരിശിട്ടാല്‍ അവിടെ സന്നദ്ധ സംഘടനകളെ കൊണ്ടോ, കുടുംബശ്രീയെക്കൊണ്ടോ കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരും. ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥരുടെ അവകാശം അവരില്‍ തന്നെ നിലനിര്‍ത്തി, കൃഷിയിറക്കുന്നതിന്റെ ലാഭവിഹിതം അവര്‍ക്ക് കൂടി ലഭിക്കത്തക്കവിധമായിരിക്കും നിയമനിര്‍മാണം നടത്തുക. കേരളത്തെ തരിശുരഹിത സംസ്ഥാനമാക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍. രാജേഷ് എംഎല്‍എ പദ്ധതി രേഖ മന്ത്രിക്ക് സമര്‍പ്പിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ തങ്കമ്മ ടീച്ചര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, സ്വാഗതസംഘം ചെയര്‍മാന്‍ എ.പി ജയന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍, മുന്‍ എംഎല്‍എ പി.കെ കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.