കെഎസ്ആര്‍ടിസിയുടെ പൂര്‍ണ നിയന്ത്രണം ഇനി ടെര്‍മിനലില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ടെര്‍മിനലിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് 17ന് പ്രവര്‍ത്തനം ആരംഭിക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫീസ്, വിജിലന്‍സ് ഓഫീസ്, എന്‍ക്വയറി ഓഫീസ് എന്നിവയും പാവങ്ങാട് പ്രവര്‍ത്തിക്കുന്ന ഡിടിഓ ഓഫീസ്, ടിക്കറ്റ് ആന്‍ഡ് കളക്ഷന്‍ ഓഫീസ് എന്നിവയാണ് ടെര്‍മിനലിലേക്ക് മാറ്റുന്നത്. പാവങ്ങാട് ഡിപ്പോയിലുള്ള ഡിപ്പോ എന്‍ജിനിയറുടെ ഓഫീസും മാറ്റും. അത്യാവശ്യ ജോലികള്‍ ക്കുള്ള വര്‍ക്ക് ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളുടെ മുഴുവന്‍ നിയന്ത്രണവും ഇനി ടെര്‍മിനലില്‍ നിന്നാകും.2015 ജൂണില്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍ മാറ്റിയിരുന്നില്ല. 2009 ലാണ് കെഎസ്ആര്‍ടിസി പഴയകെട്ടിടം പൊളിച്ചത്. ഇതോടെ സോണല്‍ ഓഫീസ്, വിജിലന്‍സ് ഓഫീസ്, എന്‍ക്വയറി ഓഫീസ് എന്നിവ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ വാടക കെട്ടിടത്തിലേക്ക് മാറി.