ഒരു വര്‍ഷമെങ്കിലും തകരാത്ത തരത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്തു റോഡുകളുടെയും ദേശീയപാതയുടെയും അറ്റകുറ്റപ്പണികള്‍ ഒരു വര്‍ഷമെങ്കിലും തകരാത്ത തരത്തില്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നു പൊതുമരാമത്തു വകുപ്പ് എന്‍ജിനിയര്‍മാര്‍ക്കു മന്ത്രി ജി. സുധാകരന്റെ നിര്‍ദേശം.
അധികാരപരിധിയിലുള്ള പൊതുമരാമത്ത്; ദേശീയപാത റോഡുകള്‍ കുറ്റമറ്റതാക്കാനുള്ള വിശദ പഠനറിപ്പോര്‍ട്ട് എന്‍ജിനിയര്‍മാര്‍ മൂന്നു മാസത്തിനകം സമര്‍പ്പിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ദൃഢവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാകണം. എല്ലാ നിര്‍മാണ പ്രവൃത്തികളുടെയും വിവരങ്ങള്‍ കിഫ്ബിയില്‍ അപ്‌ലോഡ് ചെയ്യണം.
ഓരോ എന്‍ജിനിയറുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 30ന് എന്‍ജിനിയര്‍മാരുടെ കോണ്‍ഗ്രസ് തിരുവനന്തപുരം സെനറ്റ് ഹാളില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.
പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ നേതൃത്വം നല്‍കുന്നതിന് എന്‍ജിനിയര്‍മാര്‍ അവധിദിവസങ്ങളിലും ആവശ്യമെങ്കില്‍ രാത്രിയിലും ജോലി ചെയ്യണം. പത്തു വര്‍ഷം മുന്‍പുവരെ ഇതുപോലെ പൊതുമരാമത്തു വിഭാഗം ജോലി നോക്കിയിരുന്നു. ചുമതലക്കാര്‍ 25 കിലോമീറ്റര്‍ അകലെയുള്ള വീടുകളില്‍ പോയി വരുന്ന പ്രവണത പ്രഖ്യാപിത ചട്ടത്തിനു വിരുദ്ധമാണ്. ജോലി ചെയ്യാതിരിക്കലും വിശ്രമവും വിനോദവും സ്വന്തം കാര്യം നോക്കലും എന്ന സ്ഥിതി അനുവദിക്കാനാകില്ല.
ബില്‍ എഴുതുന്നതിലും പാസാക്കിക്കൊടുക്കുന്നതിലും ചിലര്‍ കാട്ടുന്ന വീഴ്ചകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. കരാറുകാരോടു നിര്‍വഹണകാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും കര്‍ശനമായി പെരുമാറുന്നതിനൊപ്പം അവരുടെ ന്യായമായ ബില്ലുകള്‍ കാലതാമസമില്ലാതെ പാസാക്കാനും തയാറാകണം. സെക്രട്ടേറിയറ്റിലെ ഒരു കൂട്ടം ഐഎഎസുകാര്‍ അടക്കം നിരവധി ജീവനക്കാര്‍ കാട്ടുന്ന അലംഭാവവും മെല്ലെപ്പോക്കു നയവും ഫയല്‍ പൂഴ്ത്തലും കാരണം കോടികളുടെ നഷ്ടമാണു കേരള വികസനത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത്തരം നടപടികള്‍ എന്‍ജിനിയര്‍മാര്‍ പിന്തുടരരുത്. പുതിയ സാങ്കേതികവിദ്യ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തണം. ജോലിയില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നവരുടെ പേരില്‍ മാത്രമേ നടപടിയുണ്ടാകൂ. തിരുത്തി മുന്നോട്ടു നയിക്കുകയാണു സര്‍ക്കാര്‍ നയമെന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ മുതല്‍ ചീഫ് എന്‍ജിനിയര്‍ വരെയുള്ളവര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ ജി. സുധാകരന്‍ ഓര്‍മിപ്പിച്ചു.