മലിനജലമൊഴുക്കിയാല്‍ കര്‍ശന നടപടിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ 

കോഴിക്കോട്: മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇല്ലാത്ത സ്ഥാപനങ്ങളുടെ കെട്ടിട നമ്പര്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തീരുമാനിച്ചു.
ഓടകളില്‍ മാലിന്യം നിറയുന്നത് കാരണം ദുരിത മനുഭവിക്കുന്നത് പൊതു ജനമാണ്.
മഴക്കാലത്ത് ഓടകള്‍ നിറഞ്ഞുകവിഞ്ഞ് മലിനജലം ആഴ്ച്ചകളോളം റോഡില്‍ കെട്ടിക്കിടക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ അസഹനീയമായ ദുര്‍ഗന്ധം കാരണം വഴി നടക്കാന്‍പോലും യാത്രക്കാര്‍ക്ക് സാധിക്കാറില്ല. കക്കൂസ് മാലിന്യം വരെ ഓടകളിലേക്ക് ഒഴുക്കി വിടുന്ന സ്ഥാപനങ്ങള്‍ നഗര പരിധിയിലുണ്ടായിരുന്നു. നഗരപരിധിയിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന കെട്ടിട ഉടമകള്‍ക്കെതിരെയും ഹോട്ടല്‍ സ്ഥാപനങ്ങള്‍ക്കെതിരെയും ഫ്‌ളാറ്റുകള്‍ക്കെതിരെയും നടപടിയുണ്ടാവും.ഓടകളിലേക്കും തോടുകളിലേക്കും മാലിന്യം ഒഴുക്കിവിടുന്നതായി പരാതികള്‍ വ്യാപകമായ സാഹചര്യ ത്തിലാണ് കോര്‍പ്പറേഷന്റെ ഇടപെടല്‍. അനധികൃത മലിനജലം വിതരണം ചെയ്യുന്നയതിനായി പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ്, ഷോപ്പുകള്‍, മറ്റ് വാണിജ്യ വിപണികള്‍ എന്നിവ അടങ്ങുന്ന 73 പ്രധാന ഡ്രെയിനേജുകളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഹോട്ടലുകള്‍,ഫ്‌ളാറ്റുകള്‍,മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ (എസ്.ടി.പി) സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജൂലായില്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ പലസ്ഥാപനങ്ങളും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടില്ല.മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. മാലിന്യ സംസ്‌കരണ സൗകര്യങ്ങളി ല്ലാതെ കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതോ വില്‍ക്കു ന്നതോ ശ്രദ്ധയില്‍പ്പെട്ടാലും നടപടികള്‍ കൈക്കൊ ള്ളും.ജില്ലാ ഭരണകൂടത്തിന്റെ കനോലി കനാല്‍ സര്‍വ്വേയുടെ ഭാഗമായി മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ ധാരാളമുള്ളതായി കണ്ടെത്തിയിരുന്നു. കനോലി കനാലുമായി ബന്ധിപ്പിക്കുന്ന മലിനജല സോത്രസ്സുകള്‍ കണ്ടെത്തിയതായും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. മാലിന്യ സംസ്‌കരണ നിയമങ്ങള്‍ ലംഘിച്ചവയില്‍ ഏറെയും ഷോപ്പുകളും വീടുകളും അപ്പാര്‍ട്ട്‌മെന്റുകളുമാണ്. മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നത് കാരണം പൊതുജനങ്ങള്‍ക്കും മറ്റും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മാരകമായ പല രോഗങ്ങളും വ്യാപിക്കാന്‍ മലിനജലം കാരണമാവുന്നുണ്ട്. കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും നല്‍കിയെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ചില സ്ഥാപനങ്ങള്‍ മലിന ജലം ഓടയിലേക്ക് ഒഴുക്കുന്നത്.ഇനി ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് കോര്‍പ്പറേഷ ന്റെ തീരുമാനം.