നഗരത്തില്‍ കുടുംബശ്രീയുടെ രണ്ട് വനിതാഹോസ്റ്റലുകള്‍ കൂടി ഒരുങ്ങുന്നു

കോഴിക്കോട്: പറയഞ്ചേരിയിലും മിംസ് ഹോസ്പിറ്റലിന് സമീപവും കുടുംബശ്രീയുടെ വനിതാ ഹോസ്റ്റലുകള്‍ ആരംഭിക്കുന്നു. ഈ മാസം അവസാനം ഉദ്ഘാടനം നടക്കും. പറയഞ്ചേരിയിലെ ഹോസ്റ്റലില്‍ 60 പേര്‍ക്കും മിംസിന് സമീപത്തെ ഹോസ്റ്റലില്‍ 40 പേര്‍ക്കും താമസ സൗകര്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും പ്രവേശനം നല്‍കും. ഭക്ഷണവും താമസവുമടക്കം മാസം 5500 രൂപയാണ് ഫീസ്. ജോലിക്കാര്‍ക്ക് സമയപ്രശ്‌നങ്ങളില്ലാതെ ഹോസ്റ്റലില്‍ പ്രവേശിക്കാമെന്നതാണ് പ്രത്യേകത. രാത്രി വൈകുന്നത് സംബന്ധിച്ച് സ്ഥാപന അധികാരികളുടെ കത്ത് നല്‍കണം.രണ്ട് ഹോസ്റ്റലുകള്‍കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹോസ്റ്റലുകളുടെ എണ്ണം മൂന്നാകും. ബീച്ചില്‍ ഗുജറാത്തി സ്ട്രീറ്റിനടുത്തായി മൂന്ന് വര്‍ഷം മുമ്പാണ് ഫെമിനാര എന്നപേരില്‍ ആദ്യ ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ ഹോസ്റ്റലുകള്‍ ആരംഭിച്ചത്. ജോലിസമയത്തിനനുസരിച്ചും സുരക്ഷിതമായും താമസിക്കാന്‍ വനിതാ ഹോസ്റ്റലുകള്‍ ഇല്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. ഇതിന് പരിഹാരമാകുന്നരീതിയിലാണ് ഹോസ്റ്റല്‍ ആരംഭിച്ചതെന്ന് കോര്‍പറേഷന്‍ കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ റംസി ഇസ്മയില്‍ പറഞ്ഞു.രണ്ട് ഹോസ്റ്റല്‍ കൂടി ആരംഭിക്കുന്നതോടെ കുടുംബശ്രീ അംഗങ്ങളായ പത്തിലധികം പേര്‍ക്ക് ജോലി ലഭിക്കും. ഹോസ്റ്റല്‍ വാര്‍ഡന്‍, കുക്ക്, ഓഫീസ് സ്റ്റാഫ് തുടങ്ങി മുഴുവന്‍ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും.