സ്റ്റേഡിയം 15ന് മുന്‍പ് പൂര്‍ണ സജ്ജമാകും

world cup

കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ചു സ്റ്റേഡിയം 15ന് മുന്‍പ് പൂര്‍ണ സജ്ജമാകും. ജിസിഡിഎയുടെ ഉടമസ്ഥയിലുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിയണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളിക്കളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. പെയിന്റിംഗ് പോലുള്ള അവസാനവട്ട മിനുക്കുജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതര്‍.
ലോകകപ്പ് വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ മൈതാനം മല്‍സരങ്ങള്‍ക്ക് പൂര്‍ണസജ്ജമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കാണികള്‍ക്കു പ്രവേശനം അനുവദിച്ചിരിക്കുന്ന ആദ്യ രണ്ടു നിലകള്‍ക്ക് പുറമേ മൂന്നാം നിലയിലെ ഗാലറിയിലും പൂര്‍ണമായും കസേരകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമുള്ള വിശ്രമമുറികളുടെയും മീഡിയ റൂമിന്റെയും ജോലിയും പൂര്‍ത്തികരിച്ചിട്ടുണ്ട്. അഗ്‌നിസുരക്ഷാ സംവിധാനങ്ങളുടെ നിര്‍മാണം വൈകിയാണ് ആരംഭിച്ചതെങ്കിലും അതും ഏറെക്കുറെ പൂര്‍ത്തിയായി.
സ്റ്റേഡിയത്തിലേക്ക് എത്താനുള്ള അനുബന്ധ റോഡുകളുടെ അറ്റകുറ്റപണികളാണ് ഇനി പ്രധാനമായും പൂര്‍ത്തികരിക്കാനുള്ളത്. സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്കരണം, പെയിന്റിംഗ് ജോലികള്‍, സ്റ്റേഡിയത്തിനു ചുറ്റുമുള്ള റിംഗ് റോഡിന്റെ നവീകരണം തുടങ്ങിയവ പുരോഗമിക്കുകയാണ്. പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പവലിയന്‍ നവീകരണം അവസാനഘട്ടത്തിലാണ്. ഒക്ടോബര്‍ ആറു മുതല്‍ 28 വരെ രാജ്യത്തെ ആറു വേദികളിലായാണ് അണ്ടര്‍17 ലോകകപ്പ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്നത്. കരുത്തരായ ബ്രസീല്‍, സ്‌പെയിന്‍, കൊറിയ, നൈജര്‍ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് പുറമെ ഓരോ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കും കൊച്ചി വേദിയൊരുക്കും.