യുവരാജിനെ തഴഞ്ഞതില്‍ സെലക്ടര്‍മാര്‍ക്കെതിരെ ആരാധകര്‍

Yuvraj Singh

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള ഏകദിനക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്താത്തില്‍ നിരാശരായി ആരാധകര്‍. ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ യുവിയെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ആരാധകര്‍ തങ്ങളുടെ നിരാശ പരസ്യമായി അറിയിച്ച് രംഗത്തെത്തി. നവമാധ്യമങ്ങളില്‍ യുവി ആരാധകര്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. യുവരാജ് ഇന്ത്യ കണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടും അദ്ദേഹത്തെ ഒവിവാക്കിയതെന്തിനായിരുന്നു എന്നും, എന്തു കാരണത്തിന്റെ പേരിലാണ് യുവരാജിനെ ഒഴിവാക്കിയതെന്നും ഒക്കെയാണ് ആരാധകരുടെ ചോദ്യം. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ റെയ്‌നയെ ഒവിവാക്കിയതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളുമാണ് ഇന്ത്യ കളിക്കുക. രണ്ടാം ഘട്ട ടീം പ്രഖ്യാപനത്തില്‍ യുവിയെ ഉള്‍പ്പെടുത്തുമെന്ന് പ്രത്യാശയും ചിലര്‍ പങ്കുവച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് യുവി അവസാനമായി ഏകദിനത്തില്‍ പാഡണിഞ്ഞത്. ട്വന്റി20യിലാകട്ടെ അവസാനം ബാറ്റെടുത്തത് ഫെബ്രുവരിയിലും.