ദിലീപ് പരാതി നല്‍കി, മറുപടി കോടതിയില്‍ നല്‍കും: ഡി.ജി.പി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എപ്പോള്‍ എങ്ങനെ പരാതി നല്‍കിയതെന്നത് കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദിലീപും പൊലീസും പറയുന്നതു ശരിയാണ്. ആര് പറയുന്നതാണ് കൂടുതല്‍ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ മറുപടി വ്യക്തമാക്കി പൊലീസ് സത്യവാങ്മൂലം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളില്‍ നിന്നു പരാതി ലഭിച്ചാല്‍ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നും ഡി.ജി.പി പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനി തനിക്കു ജയിലില്‍ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നല്‍കിയെന്നുമാണു ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ അറിയിച്ചത്. എന്നാല്‍ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം.