സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തും

shylaja minister

തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ ചികിത്സാ ചെലവ് പ്രദര്‍ശിപ്പിക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ‘കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നിയന്ത്രണവും’ ബില്ലെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും സേവന നിലവാരവും മിനിമം സൗകര്യങ്ങളും ഉറപ്പുവരുത്തും. ഇവയ്ക്കു രജിസ്‌ട്രേഷനും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനും ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ആശുപത്രികളെക്കുറിച്ചും ലാബുകളെക്കുറിച്ചും നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പല ലാബുകളിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലെന്ന പരാതിയും ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു പ്രമേയമെങ്കിലും സഭയിലെ ചര്‍ച്ചകളിലെ വികാരം കണക്കിലെടുത്ത്, സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന ആര്‍. രാജേഷിന്റെ ഭേദഗതി അംഗീകരിക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 2010 ലെ ക്ലിനിക്കല്‍ സ്ഥാപന ആക്ടിന്റെ മാതൃകയിലാണ് പുതിയ ബില്‍. സംസ്ഥാനത്തുള്ള ആകെ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ലബോറട്ടറികള്‍ എന്നിവയില്‍ 70 ശതമാനവും പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലാണ്. എന്നാല്‍, ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ ഒരു നിയമവുമില്ല. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനോടൊപ്പം ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച നിയന്ത്രണങ്ങളും ബില്ലിലുണ്ട്. അലോപ്പതി, ആയുര്‍വേദ, യുനാനി, ഹോമിയോ , സിദ്ധ തുടങ്ങി എല്ലാ മേഖലയിലെയും ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ നിലവാരം നിശ്ചയിക്കാനായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും. രജിസ്‌ട്രേഷനുവേണ്ടി എല്ലാ ജില്ലകളിലും കളക്ടര്‍ എക്‌സ് ഒഫിഷ്യോ ചെയര്‍മാനായി അതോറിറ്റി രൂപീകരിക്കും. അതോറിറ്റിക്ക് രജിസ്‌ട്രേഷന്‍ പുതുക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ഉണ്ടായിരിക്കും. സ്ഥാപനം സന്ദര്‍ശിച്ചായിരിക്കണം അതോറിറ്റി രജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. രജിസ്‌ട്രേഷനില്ലാതെ ഒരു ക്ലിനിക്കല്‍ സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ കൗണ്‍സിലിനോ അതോറിറ്റിക്കോ അവര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ന്യായമായ ഏത് സമയത്തും അവിടെ പ്രവേശിച്ച് പരിശോധന നടത്താം. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.