കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് മാതാപിതാക്കളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്ക്

കോട്ടയം: എട്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേര്‍ ഒരു തവണയെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കുട്ടികളില്‍ വ്യാപിക്കുന്ന ലഹരി ഉപയോഗം തടയുന്നതിന് മാതാപിതാക്കളേക്കാള്‍ ഉത്തരവാദിത്തം കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കുന്ന അധ്യാപകര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠനം നടക്കുന്ന ക്ലാസ് മുറികളാണ് കുട്ടികള്‍ ഇതിനായി തെരഞ്ഞെടുക്കുന്നത്. മറ്റ് സ്ഥലങ്ങള്‍ ടോയ്‌ലറ്റുകളും ഹോസ്റ്റല്‍ മുറികളുമാണ്. സംസ്ഥാനത്ത് 70 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലും കോളജുകളിലുമായി ഉള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവര്‍ ലഹരി ഉപയോഗിക്കുന്നവരും ലഹരിവാഹകരുമാകുന്നത് തടയാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഒരു ക്ലാസിലെ സംശയമുള്ള രണ്ടു മുതല്‍ മൂന്നു ശതമാനം വരെ കുട്ടികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്താല്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതില്‍ വിജയിച്ചതായി കരുതാം.
ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ഉടന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡീഅഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കണം. അധ്യാപകരും മാതാപിതാക്കളും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേരിട്ട് 10 ജില്ലകളില്‍ ഇത്തരം ഡീഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. കോട്ടയത്ത് മെഡിക്കല്‍ കോളജിലാണ് സെന്റര്‍ ആരംഭിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് മനഃശാസ്ത്ര വിഭാഗം തലവന്‍ ഡോ. വര്‍ഗീസ് പുന്നൂസ് ബോധവത്കരണ ക്ലാസ് നയിച്ചു. സണ്ണി പാന്പാടി, ജെസിക്കുട്ടി ജോസഫ്, എന്‍. ജയകുമാര്‍, വി. അജിത്ത്‌ലാല്‍, സുരേഷ് റിച്ചാര്‍ഡ് തുടങ്ങിയവര്‍ പങ്കെടുത്തു .