എല്‍ഡിസി പരീക്ഷയില്‍ തെറ്റായ ചോദ്യങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുമെന്നു ചെയര്‍മാന്‍

psc

തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നടന്ന എല്‍ഡിസി പരീക്ഷയില്‍ തെറ്റായ ചോദ്യങ്ങളുണ്ടെങ്കില്‍ അവ ഒഴിവാക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ കടന്നുകൂടിയെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ദേശീയവും അന്തര്‍ദേശീയവുമായ സമകാലിക സംഭവങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളായിരുന്നു വേണ്ടതെങ്കിലും ചരിത്രത്തിലെ ഏതോ സംഭവങ്ങളാണ് ചോദിച്ചത്. ചോദ്യങ്ങള്‍ തെറ്റിയോ എന്നു പിഎസ്‌സിയുടെ വിദഗ്ധ സമിതി യോഗം തിങ്കളാഴ്ചയോടെ പരിശോധിക്കും. തെറ്റെന്ന് ബോധ്യപ്പെടുന്ന ചോദ്യം ഒഴിവാക്കിയായിരിക്കും മൂല്യ നിര്‍ണയം നടത്തുക. ഒന്നോ രണ്ടോ ചോദ്യം തെറ്റിയെന്നുകരുതി പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ല.
തെറ്റായ ചോദ്യം തയാറാക്കിയ വ്യക്തിയെ ചോദ്യകര്‍ത്താക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കും. ക്വസ്റ്റ്യന്‍ സെറ്റ് ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ പിഎസ്‌സി ചോദ്യങ്ങള്‍ തയാറാക്കുന്നവരുടെ പാനല്‍ പരിഷ്‌കരിക്കാന്‍ പിഎസ്‌സി തീരുമാനം. പരീക്ഷാ പരിഷ്‌കരണത്തിന്റെ ഭാഗമായി പിഎസ്‌സി ആസ്ഥാനത്ത് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എം.കെ. സക്കീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ചോദ്യം തയാറാക്കുന്ന പാനലിലുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനൊപ്പം ഇവരുടെ പ്രതിഫലവും വര്‍ധിപ്പിക്കും. ചോദ്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ നടപടികള്‍ സ്വീകരിക്കും. പിഎസ്‌സി ക്കായി ചോദ്യം തയാറാക്കുന്നത് അധ്യാപകരുടെ നിര്‍ബന്ധിത ജോലിയാക്കാന്‍ സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്യും. പരീക്ഷാ നടപടികള്‍ നീരീക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍പ്പെട്ട ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക സക്വാഡ് രൂപീകരിക്കും. ഇപ്പോള്‍ പിഎസ്‌സി ജീവനക്കാര്‍ മാത്രമാണ് സ്‌ക്വാഡിലുള്ളത്. ചോദ്യബാങ്ക് രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.