വനിതാ ക്രിക്കറ്റ് ലോകകപ്പ് കണ്ടത് 18 കോടി പേര്‍

18

ദുബായ്: വനിതാ ക്രിക്കറ്റിനും ആരാധകരുടെ എണ്ണം കൂടി. ലോകമെമ്പാടുമുള്ള 18 കോടി ജനങ്ങള്‍ വനിത ലോകകപ്പ് കണ്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ മത്സരത്തിനായിരുന്നു കാണികള്‍ കൂടുതല്‍. ഇംഗ്ലണ്ടിലാണ് ലോകകപ്പ് ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യയില്‍ ആകെ 15.6 കോടി പേര്‍ മത്സരം കണ്ടു. ഗ്രാമങ്ങളില്‍ മത്സരം കണ്ടത് 8 കോടി പേര്‍. ഇന്ത്യഇംഗ്ലണ്ട് ഫൈനല്‍ കണ്ടത് 12.6 കോടി ജനങ്ങള്‍. ലോകകപ്പില്‍ മിതാലി രാജ് നയിച്ച ഇന്ത്യയുടെ മികച്ച പ്രകടനം വഴിയായി മത്സരം കാണുന്നതിന് ഇന്ത്യയില്‍ 500 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. 2013 ലോകകപ്പിനേക്കാള്‍ കാണികളുടെ എണ്ണത്തില്‍ 300 ശതമാനം വളര്‍ച്ചയുണ്ടായതായി ഐസിസി പത്രക്കുറിപ്പില്‍ അറിയിച്ചു.
2013നുശേഷം ലോകത്തിലെ എല്ലാ മേഖലകളിലും കാണികളുടെ എണ്ണത്തില്‍ ഉയര്‍ച്ചയുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ മത്സരം കാണുന്ന മണിക്കൂറുകള്‍ കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ എട്ട് മടങ്ങ് ഉയര്‍ന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കാണികളുടെ എണ്ണത്തില്‍ വളര്‍ച്ചയുണ്ടായെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
ബ്രിട്ടണില്‍ ഫൈനല്‍ കണ്ടവരുടെ എണ്ണം ഈ സമ്മറില്‍ പ്രക്ഷേപണം ചെയ്ത മറ്റ് ക്രിക്കറ്റ് മത്സരങ്ങളെക്കാള്‍ കൂടുതലായിരുന്നു. ഓസ്‌ട്രേലിയയില്‍ കളി കണ്ട മണിക്കൂറുകള്‍ 131 ശതമാനമായി ഉയര്‍ന്നു. 861 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ദക്ഷിണാഫ്രിക്ക ആദ്യമായി സെമിലെത്തിയപ്പോള്‍ ഉണ്ടായത്. വനിതാ ക്രിക്കറ്റ് ചെലുത്തിയ സ്വാധീനത്തില്‍ തങ്ങള്‍ക്കു വലിയ സന്തോഷമുണ്ടെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള സമയം ആയിരിക്കുകയാണെന്നും ഇതിലൂടെ കളിയെ കൂടുതല്‍ കാണികളിലേക്ക് എത്തിക്കാനാകും; കളിയുടെ വളര്‍ച്ചയാണ് കാണികളുടെ വര്‍ധന സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐസിസി ഡിജിറ്റല്‍ തലത്തില്‍ വീഡിയോ കണ്ടവര്‍ 10 കോടി പേരാണ്. സോഷ്യല്‍ മീഡിയയിലും ലോകകപ്പിനു വലിയ പ്രചാരമാണ് ലഭിച്ചത്.