ഇരുപത്തയ്യായിരം രൂപയ്ക്ക് മലയാള സിനിമ റെഡി

cini

വെറും ഇരുപത്തയ്യായിരം രൂപയില്‍ ഒരു മലയാള സിനിമ പൂര്‍ത്തിയായി. 70കളിലെയും 80കളിലെയും സിനിമാക്കാര്യമല്ല. നിലവിലെ ഒരു സിനിമയുടെ ബഡ്ജറ്റിനെക്കുറിച്ചാണ് പറയുന്നത്. കോടികള്‍ കടന്ന് ശതകോടികളുടെ ബഡ്ജറ്റില്‍ മലയാള സിനിമ എത്തി നില്‍ക്കുമ്പോഴാണ് കാല്‍ ലക്ഷം രൂപയ്ക്ക് ഒരു സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിംഗിന് ഒരുങ്ങുന്നത്. വ്യത്യസ്തമായ കഥകള്‍ കൊണ്ടും മേക്കിംഗ് കൊണ്ടും അമ്പരപ്പിക്കുന്ന മലയാള സിനിമയില്‍ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചലച്ചിത്രം എന്ന പ്രത്യേകത കൂടി ഇനി മലയാളത്തിന് സ്വന്തം. ബിലഹരിയാണ് പോരാട്ടം എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പ്ലാന്‍ ബി ഇന്‍ഫൊട്ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്. വെറും 15 ദിവസം കൊണ്ട് സംവിധായകന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ബാലതാരമായി ശ്രദ്ധേയയായ ശാലിന്‍ സോയയാണ് നായിക. ശാലിന്‍ സോയ നായികയാകുന്ന ആദ്യ ചിത്രമാണിത്. നവജിത് നാരായണന്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ സിനിമയുടെ ഭാഗമായെത്തുന്നു.
തിരക്കഥ ഇല്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലൊക്കേഷനില്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥ വളര്‍ത്തുന്ന സ്ട്രാറ്റജി ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ശ്രീരാജ് രവീന്ദ്രന്‍. എഡിറ്റിംഗ്: ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതം: മുജീബ് മജീദ്