പണിമുടക്കില്‍ പങ്കെടുക്കില്ലെന്നു ഒരു വിഭാഗം ബസുടമകള്‍

മഞ്ചേരി: 18ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്വകാര്യ ബസ് സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി. എന്നാല്‍ സെപ്റ്റംബര്‍ 14ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ ഇവരും പങ്കെടുക്കും. വിദ്യാര്‍ഥികളുടേതടക്കം യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററിനു മുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പിന്‍വലിക്കുക, സ്റ്റേജ് കാരേജ് ബസുകളുടെ റോഡ് ടാക്‌സ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. യോഗത്തില്‍ പ്രസിഡന്റ് കെ.വി അബ്ദുറഹിമാന്‍, മാനു കുരിക്കള്‍, ദിനേശ്കുമാര്‍, കെ.പി ഹംസ, ഇബ്രാഹിം സിറ്റിസണ്‍, പി.പി മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.